എനിക്കു വേണ്ടിയോ....

in #malayalam2 years ago

Aromal.jpeg



എനിക്കു വേണ്ടിയോ

കുറിച്ചിതത്രയും

പനിച്ചു തൂവി നിൻ

നനുത്ത വാക്കുകൾ.


പകച്ചു കാറ്റലക്കുതിപ്പുകൾ, വിഷം

പുകഞ്ഞു മങ്ങുന്ന വെയിൽത്തിര,

അഴിഞ്ഞു വീണു നാമണിഞ്ഞ പൊയ് മുഖ-

ക്കുഴിത്തുരുമ്പുകൾ, കറുത്ത പേമണം

കുരച്ചു നീട്ടുന്ന തെരുവു കാമങ്ങ-

ളുരിഞ്ഞ കുങ്കുമം തുറിക്കും നേരുകൾ

നിനക്കുവേണ്ടി ഞാൻ കുറിച്ചതത്രയും

നീണച്ചുരിൽ കടം കൊരുത്ത വാക്കുകൾ.

എനിക്കു വേണ്ടിയോ

കുറിച്ചിതത്രയും

തിളച്ചു പൊങ്ങി നിൻ

ജ്വലിക്കും വാക്കുകൾ.


തുടുത്ത മാമ്പഴക്കവിൾത്തടം, ദീർഘ-

മടുപ്പൊളിപ്പിക്കും, ചിരി, നാണം, മിഴി-

യഴലിമ ചിമ്മിയുതിരും താരകൾ

നിഴൽച്ചെളി, കിനാക്കളിക്കുളം, ചുഴി,

ചുഴിഞ്ഞിറങ്ങിടും പ്രണയനൊമ്പരം

ചുരം കയറുന്ന ചുനക്കനിക്കാലം

എനിക്കുവേണ്ടി ഞാൻ കുറിച്ചതത്രയും

എരിക്കു പൂക്കുന്ന ശ്മശാന വാക്കുകൾ.

എനിക്കുവേണ്ടിയോ

കുറിച്ചിതത്രയും

എരിഞ്ഞു നീറി നിൻ

എരിയും വാക്കുകൾ.


അടുത്തു വന്നണഞ്ഞിരിക്കുവാൻ കൊതി

ഇടഞ്ഞു മാറി വേർപിരിയുവാൻ മടി

ഇരുൾ നടത്തങ്ങൾ ഒഴിവോളം കരം

ഇരു ചുമലിലങ്ങുറച്ചിരിക്കണം

ഇളകും താളങ്ങളൊരുക്കും വിശ്വാസ-

ക്കളങ്ങൾ തൻ ചതികുഴികൾ തണ്ടണം

നമുക്ക് വേണ്ടി നാം കുറിക്കുമെത്രനാൾ

നറുക്കു വീണു നാം പിരിയുവോളവും.



എനിക്കു വേണ്ടിയോ

കുറിച്ചിതത്രയും

തണുത്തതില്ല നീ

തൊടുത്ത വാക്കുകൾ